ഭാവ ബന്ധമൊടു സത്യരൂപനാം

ദേവ നിന്‍ മഹിമയാര്‍ന്ന കോവിലില്‍

പാവന പ്രഭയെഴും വിളക്കിതാ

സാവധാനമടിയന്‍ കൊളുത്തിനേന്‍


അല്പമെങ്കിലുമതിന്‍ പ്രഭാങ്കുരം

സല്പതേയിരുള്‍ തുരന്നു മെല്ലവേ

ശില്പരമ്യ പദപീഠഭൂവില്‍ നി-

ന്നുല്പതിച്ചു തിരുമെയ്യിലെത്തണെ


സ്ഥേമയാര്‍ന്ന മണിഭൂഷണത്തിലും

തൂമനോജ്ഞ മലര്‍മാല തന്നിലും

ഹേമ വിഗ്രഹമരീചി തേടുമീ

ക്കോമളപ്രഭ വിളങ്ങണെ വിഭോ.


മാറ്റിനിന്‍മുഖരസം മറച്ചിതില്‍

പോറ്റി പുല്ക്കരുതു ധൂമരേഖകള്‍

മാറ്റിയന്ന മണിവാതിലൂടെഴും-

കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.


ചീര്‍ത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്‌-

വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്‍ക്കുമേല്‍

നേര്‍ത്തതീശ മിഴിയഞ്ചിടുന്ന നിന്‍-

മൂര്‍ത്തി മുമ്പു നിഴല്‍ നീങ്ങി നില്‍ക്കണേ.

 

മഹാകവി കുമാരനാശാന്‍ -